അന്തിമ പദ്ധതി രേഖ
കാളികാവ് ഗ്രാമ പഞ്ചായത്ത്- അന്തിമ പദ്ധതി രേഖ
വികസനത്തിന്റെ ജനകീയ ഭൂപട മാതൃക
പതിനാലാം പഞ്ചവല്സര പദ്ധതിയുടെ ഭാഗമായി 2026- 2027 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ആദ്യ ഘട്ടത്തിലാണ് നാമേവരും എത്തി നിൽക്കുന്നത്. മുൻ ഭരണ സമിതി നമുക്കായ് കാഴ്ചവെച്ച ഒട്ടേറെ വികസനപാതകൾ നമുക്ക് മുമ്പിൽ ഇന്നു തുറന്ന പുസ്തകമാണല്ലോ. ആരോഗ്യവും, വിദ്യാഭ്യാസവും, ഗതാഗതവും, കുടിവെള്ളവും എന്നു വേണ്ട സമസ്ത മേഖലകളിലും കൈ മുദ്ര പതിപ്പിച്ച് മുന്നേറുന്ന ഈ പഞ്ചായത്തിൻ്റെ പുതിയ ഭരണസമിതിക്കും ഒട്ടേറെ സ്വപ്ന പദ്ധതികൾ നടപ്പിലാക്കാൻ ഉണ്ട്. മണ്ണിൻ്റെ മണവും മനുഷ്യൻ്റെ വിയർപ്പും ഒത്തുചേരുന്ന ഒരു നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനുള്ള വിനീതമായ ശ്രമമാണ് ഈ കരട് പദ്ധതിരേഖ. കെട്ടിട നിർമ്മാണം മാത്രമല്ല വികസനം എന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചു കൊണ്ട് ഓരോ വ്യക്തി പ്രഭാവങ്ങളേയും തൊട്ടുണർത്തുന്ന മികച്ച പദ്ധതികൾക്കായി മാറ്റുരക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
നമ്മുടെ ഗ്രാമത്തിൻ്റെ നിത്യഹരിത മനോഹാരിതയെ നിലനിർത്തി ആധുനികതയുടെ സൗകര്യങ്ങളെ നിലനിർത്തി കൊണ്ട് ക്ലീൻ കാളികാവ്, അതുപോലെ ഡിജിറ്റൽ യുഗത്തിലെ പുതിയ സാധ്യതകളെ നെഞ്ചിലേറ്റാനും നമ്മെ പ്രാപ്തരാക്കുന്ന ഒരു സമഗ്ര കാഴ്ചപ്പാടും ഈ കരട് പദ്ധതി നിങ്ങൾക്കായി സമർപ്പിക്കുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങളേയും വെല്ലുവിളികളേയും അതിജീവിക്കാൻ ഒരു നാടിനെവാർത്തെടുക്കുക, നിരാലംബരായവരെ ചേർത്തുപിടിച്ച് മുൻനിരയിൽ എത്തിക്കുക വരുംതലമുറക്കായി പ്രകൃതിവിഭവങ്ങളെ കരുതി വെക്കാൻ പരിസ്ഥിതി സൗഹൃദ കൂട്ടായ്മകളെ വളർത്തിയെടുക്കുക ഭരണകർത്താക്കൾക്കൊപ്പം പ്രിയ വോട്ടർമാർക്കും വികസന മേഖലയിൽ പങ്കാളിത്തം ഉറപ്പാക്കി ഗ്രാമസഭയിലും ചർച്ചകളിലും ഉയർന്നുവന്ന ജനഹിതമനുസരിച്ചുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച രൂപരേഖയാണിത്.