ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 

 

സാമൂഹ്യചരിത്രം

 

പൌരാണികമായൊരു സാംസ്കാരിക ചരിത്ര പശ്ചാത്തലമുള്ള ഗ്രാമമാണ് കാളികാവ്. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റെ് കേരളത്തിന്റെ നാടക കുലപതി ശ്രീ. കെ.ടി മുഹമ്മദിന്റെ  സഹോദരി ഭർത്താവും കിഴക്കെനേറാട്ടിലെ വിപ്ലാചാര്യനുമായ സഖാവ് കുഞ്ഞാലിയായിരിന്നു. രാജ്യത്തിൻ്റെ അതിർത്തി കാവൽകാരനും ധീര രക്തസാക്ഷി ജവാൻ അബ്ദുൽ നാസറിൻ്റെ ജന്മ ദേശം കൂടിയാണ് കാളികാവ്.കൂടാതെ 1980 ലെ കേരളം കണ്ട എറ്റവും തീക്ഷണമായ പ്രക്ഷോഭങ്ങളിലെന്നായ അറബി ഭാഷാ സമരത്തിനായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തുവെച്ച് രക്ത സാക്ഷിത്വം വരിച്ച അക്ഷരങ്ങളുടെ കാവലാളുകളിലൊരാളായ കുഞ്ഞിപ്പയുടെ നാടുകൂടിയാണ് നമ്മുടെ കാളികാവ് .  ഈ പ്രദേശത്തെ ഭൂ സമ്പത്ത് മുഴുവൻ പണ്ടുകാലം മുതലേ കൈവശം വെച്ചുവന്നിരുന്നത് പടിഞ്ഞാറെ കോവിലകക്കാരായിരുന്നു. പിന്നീട് കാളികാവ് പഞ്ചായത്തിൻ്റെ തെക്കോട്ട് ആയിരം നാഴികയോളം വരുന്ന നീരൊഴുക്ക് പ്രദേശവും കോവിലകക്കാർ ചാർത്തി വാങ്ങി കൈവശം വെച്ചുവന്നിരുന്നതായും അറിയുന്നു. ഈ പ്രദേശത്തിൻ്റെ പഴയ പേര് കണ്ണത്ത് കാളികാവ് എന്നായിരുന്നു. കരുവാരകുണ്ട് കണ്ണത്ത് എന്ന പ്രദേശത്ത് പുരാതനകാലത്ത്  നിലവിലുണ്ടായിരു്നന കാളീക്ഷേത്രത്തിന്റെ കാവായിരുന്നു ഇന്നത്തെ അമ്പകുന്ന് പ്രദേശം. അമ്പകുന്ന് പ്രദേശത്ത് സ്ഥിതിചെയ്തിരുന്നതിനാൽ കണ്ണത്ത് കാളികാവ് എന്ന പേരിൽ ഈ പ്രദേശം അറിയപ്പെട്ടു. കണ്ണത്ത് കാളിയുടെ കാവ് സ്ഥിതിചെയ്തിരുന്നതിനാല്‍ കാലാന്തരത്തിൽ കണ്ണത്ത് കാളികാവ് എന്ന പേര് ലോപിച്ച് "കാളികാവ്" എന്നായി മാറി. കാവിന് തൊട്ടടുത്തായി ഒരു കിണറും അമ്പലപറമ്പും ഉണ്ടായിരുന്നു. അതാണ് ഇന്നത്തെ "അമ്പലകുന്ന് മൈതാനം" എന്നു വിളിക്കപ്പെടുന്നത്. ജന്മിത്വം അവസാനിക്കുന്നതുവരെയും ഇവിടുത്തെ അത്യധ്വാനികളായിരുന്ന കർഷകരുടെ ജീവിതം ജന്മിയുടെയും കങ്കാണിമാരുടെയും അന്യായ പിരിവുകളും പാട്ടസമ്പ്രദായവും കാരണം ഏറെ ദുരിത പൂർണ്ണമായിരുന്നു. ഒറ്റപ്പെട്ട ചോദ്യം ചെയ്യലുകളുടെയും ചെറുത്തുനിൽപിന്റെയും പ്രതിരോധസമരങ്ങൾ സാമൂഹികജീവിതത്തെ പോരാട്ടസജ്ജമാക്കിയെടുത്തു.ആദ്യ കാല കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തു തുടങ്ങിയത്. 1914-ൽ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റർ ചെയ്തതായി അറിയുന്നു. സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളിലെ തീനാളമായി മാറിയ 1921-ലെ കാർഷിക കലാപത്തിൻ്റെ രംഗഭൂമികളായിരുന്നു ഇവിടുത്തെ മിക്ക പ്രദേശങ്ങളും. വെള്ളയൂർ, മഞ്ഞപെട്ടി, കല്ലാമൂല, പുല്ലങ്കോട്, ചോക്കാട്, കാളികാവ് തുടങ്ങിയ പ്രദേശങ്ങൾ കലാപത്തിന്റെ നിരവധി കഥ പറയുന്ന മേഖലകളാണ്.

 

സാംസ്കാരികചരിത്രം

 

കാർഷികമേഖലയുമായി ബന്ധപ്പെട്ട് വളരെ പ്രസിദ്ധി നേടിയിരുന്ന കാളപൂട്ടു മൽസരങ്ങൾ കാർഷിക സമൂഹത്തിന്റെ മുഖ്യ ജനകീയോത്സവമായിരുന്നു. കൂരാട്, പൂച്ചപൊയിൽ, പേവുംന്തറ അമ്പലക്കടവ് എന്നീ പ്രദേശങ്ങളിലെ കന്നുപൂട്ടുമൽസരങ്ങൾ ഏറെ ജനപ്രീതിയാർജ്ജിച്ചവയായിരുന്നു. ഇന്നും ഈ പഞ്ചായത്തിലെ അമ്പലക്കടവ് കേന്ദ്രീകരിച്ചുള്ള കാളപ്പൂട്ട് മൽസരം അഭംഗുരം തുടരുന്നുണ്ട്. വെള്ളയൂരിലെ പുലത്ത് മൂസ്സമൊല്ല, കാളികാവിലെ പാറക്കൽ വാപ്പുകാക്ക തുടങ്ങിയ വളരെ പ്രസിദ്ധരായിരുന്ന മുസ്ളീംകലാകാരന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൽക്കളി ഈ പ്രദേശത്തെ ഏറെ പ്രചാരം സിദ്ധിച്ച പാരമ്പര്യ ജനകീയകലയായിരുന്നു. 1961-ൽ സ്രാമ്പിക്കല്ലിൽ ആരംഭിച്ച "ടാഗോർ വായനശാല‌യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല. പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലേബർക്ലബ്  തുടക്കം മുതൽതന്നെ സാംസ്കാരിക മേഖലയെ സമ്പുഷ്ടമാക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. പുല്ലങ്കോട് കലാസമിതിയുടെ നേതൃത്വത്തിൽ നടന്ന കലാപ്രകടനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാളികാവ് ജംഗ്ഷനിലെ "നടന കലാവേദി"യാണ് ഇന്നും വളരെ സജീവമായി പ്രവർത്തിക്കുന്ന കലാസമിതി. ഇവർ കലാപ്രവർത്തനങ്ങളിലും, സാമൂഹ്യസേവന രംഗത്തും, വികസനരംഗത്തും വിലപ്പെട്ട പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. പൂന്താനത്ത് മുഹമ്മദാലി, പാറക്കൽ നാണി എന്നീ പ്രശസ്തരായ ഫുട്ബോൾ താരങ്ങളുടെ പാരമ്പര്യം ഉയർത്തിപിടിക്കുന്ന പ്രഗൽഭരായ പുതിയ താരങ്ങളുടെ ഒരു വൻനിര തന്നെ കാളികാവിലുണ്ട്. ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.